തൃപ്രയാർ: തൃപ്രയാർ- നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നാട്ടിക ഗ്രാമപഞ്ചായത്ത് നടത്തിയ വികസന സെമിനാർ യുഡിഎഫ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചു. പദ്ധതി രൂപീകരണ നിർദ്ദേശങ്ങൾ ഗ്രാമസഭ വഴി ക്ഷണിച്ച ശേഷം പദ്ധതി രൂപീകരണത്തിലെ ഏറ്റവും സുപ്രധാന സമിതിയായ വർക്കിംഗ് ഗ്രൂപ്പ് യോഗം വിളിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങൾ വികസന സെമിനാറിൽ നിന്നും വിട്ടുനിന്നത്. പദ്ധതി രൂപീകരണ നിർദ്ദേശത്തിൽ പറയുന്ന വർക്കിംഗ് ഗ്രൂപ്പ് യോഗമാണ് നാട്ടിക ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്താതിരുന്നത്. വർക്കിംഗ് ഗ്രൂപ്പ് വിളിക്കാതെ നാട്ടിക ഗ്രാമപഞ്ചായത്ത് നടത്തിയ വികസന സെമിനാർ പദ്ധതി രൂപീകരണത്തിന്റെ ലംഘനമാണെന്ന് യുഡിഎഫ് അംഗങ്ങളായ ബിന്ദു പ്രദീപ്, ശ്രീദേവി മാധവൻ, റസീന ഖാലിദ്, സി എസ് മണികണ്ഠൻ, കെ ആർ ദാസൻ എന്നിവർ പറഞ്ഞു. വർക്കിംഗ് ഗ്രൂപ്പ് വിളിച്ചു ചേർക്കാതെ വികസന സെമിനാർ നടത്തിയ നടപടിക്കെതിരെ യുഡിഎഫ് അംഗങ്ങൾ ജില്ലാ ആസൂത്രണ സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആസൂത്രണ സമിതിയുടെ മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർക്കും പരാതി നൽകി.
ജനങളെ കേൾക്കാതെയും സുപ്രധാന സമിതികൾ വിളിച്ചു ചേർക്കതെയും നാട്ടിക ഗ്രാമ പഞ്ചായത്ത് നടത്തുന്ന പദ്ധതി രൂപീകരണം സിപിഎം വൽക്കരണമാണ് നടക്കുന്നതെന്ന് യു ഡിഎഫ് ചെയർമാനും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ പി.എം. സിദ്ദിഖ്, കൺവീനർ കെ.എ. കബീർ എന്നിവർ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ഇവർ കൂട്ടിച്ചേർത്തു.