കാഞ്ഞാണി: അരിമ്പൂര്‍ ഗ്രാമപഞ്ചായത്തും വടക്കുംപുറം-കൈപ്പിള്ളി ക്ഷീരോത്പാദക സഹകരണ സംഘവും ചേര്‍ന്ന് സംയോജിത കൃഷി ആരംഭിച്ചു. സിപിഐഎം മണലൂര്‍ ഏരിയ സെക്രട്ടറിയും സംയോജിത കൃഷി മണലൂര്‍ ഏരിയ ചെയര്‍മാനുമായ സി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ജില്ലി വിത്സണ്‍ അധ്യക്ഷയായി. വിഷുവിന് വിളവെടുക്കാന്‍ ഉദ്ദേശിച്ചുള്ള കൃഷിയാണ് നടപ്പിലാക്കിയിട്ടുള്ളത്. വഴുതന, വെള്ളരി, തക്കാളി, മത്തങ്ങ തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചാലാടിയില്‍ 2 ഏക്കറില്‍ എള്ള്, മനക്കൊടിയില്‍ 80 സെന്റ് സ്ഥലത്ത് കൊള്ളി എന്നിവയും സംഘം കൃഷി ചെയ്യുന്നുണ്ട്. ചാണകം പൊടിച്ചു വില്‍പ്പന നടത്താനുള്ള കേന്ദ്രവും അരിപൊടിക്കുന്ന മില്ലും സംഘം വൈകാതെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍ പറഞ്ഞു. സംയോജിത കൃഷി ഏരിയ കണ്‍വീനര്‍ രാജേഷ് കൊല്ലാടി, സംഘം പ്രസിഡന്റ് ഇ.കെ. ജയപ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, വാര്‍ഡംഗങ്ങളായ കെ. രാഗേഷ്, വൃന്ദ, തുടങ്ങിയവര്‍ പങ്കെടുത്തു.