കൊടുങ്ങല്ലൂർ: വിഭാഗീയതയും ചേരിപ്പോരും രൂക്ഷമായതിനെ തുടർന്ന് സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർമാൻ കൂടിയായ സി.സി. വിപിൻ ചന്ദ്രൻ സെക്രട്ടറിയായ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തെ തുടർന്ന് പാർട്ടിക്കുള്ളിലുണ്ടായ ഗ്രൂപ്പിസമാണ് പിരിച്ചുവിടൽ വരെയെത്തിയത്. ബാങ്ക് തട്ടിപ്പിലുൾപ്പെട്ടവരെ ഒരു വിഭാഗം സംരക്ഷിക്കുന്നുവെന്നതടക്കം എംഎൽഎ അടക്കമുള്ളവർക്കെതിരെ ആരോപണമുയർന്നിരുന്നു.
ഇതിൽ എംഎൽഎക്കെതിരായ ചേരിയിലായിരുന്നു വിപിൻ ചന്ദ്രൻ അടക്കമുള്ളവർ. ചേരിതിരിഞ്ഞ് നേതാക്കളും പ്രവർത്തകരും മാറിയതോടെ ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും വിഷയം പഠിക്കാൻ ജില്ല അസി.സെക്രട്ടറി ടി.ആർ. രമേഷ് കുമാറിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മണ്ഡലം കമ്മിറ്റി യോഗത്തിൽ ചേരി തിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളി വരെയെത്തി ഇതോടെയാണ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടുന്ന നടപടികളിലേക്ക് ജില്ലാ നേതൃത്വം കടന്നത്. സിപിഐക്ക് ജില്ലയിൽ ഏറ്റവും വലിയ സ്വാധീനമുള്ള മേഖലയിലെ ശക്തമായ കമ്മിറ്റി കൂടിയാണ് കൊടുങ്ങല്ലൂർ. കഴിഞ്ഞ സമ്മേളനത്തിൽ കൊടുങ്ങല്ലൂരിനെ വിഭജിച്ച് കൊടുങ്ങല്ലൂർ, മാള മണ്ഡലം കമ്മിറ്റികൾ രൂപവൽക്കരിച്ച് കൊടുങ്ങല്ലൂരിൽ വിപിൻ ചന്ദ്രനെ സെക്രട്ടറിയായി ചുമതലപ്പെടുത്തിയത്.