ചാവക്കാട്: 105 ഗ്രാം എംഡിഎംഎയും, ആഡംബര ബൈക്കുകളുമായി രണ്ട് യുവാക്കൾ ചാവക്കാട് എക്സൈസിനെ പിടിയിലായി. തളിക്കുളം തമ്പാൻ കടവ് സ്വദേശി ആഷിഫ്, കോഴിക്കോട് ബാലുശ്ശേരി സ്വദേശി അമർ ജിഹാദ് എന്നിവരെയാണ് ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. യു. ഹരീഷും സംഘവും പിടികൂടിയത്. 105 ഗ്രാം എംഡിഎംഎയും, ആഡംബര ബൈക്കായ കെട്ടിഎം ഡ്യൂക്കും സഹിതം ചാവക്കാട് ടൗണിൽനിന്നും അമർ ജിഹാദ് ആണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരത്തെ തുടർന്ന് ഗുരുവായൂർ കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപത്തുനിന്നും 100 ഗ്രാം സഹിതം ആഷിഫിനെ പിടികൂടി. വിപണിയിൽ നാലു ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ചാവക്കാട് ഗുരുവായൂർ മേഖലകളിൽ യുവാക്കൾക്കിടയിലും, സ്കൂൾ വിദ്യാർഥികൾക്കിടയിലും ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന രഹസ്യവിവരത്തെത്തുടർന്ന് മേഖല എക്സൈസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.