തൃശ്ശൂർ: മാഹിയിൽ നിന്നും കാറിൽ കടത്തി കൊണ്ട് വന്നിരുന്ന 72 ലിറ്റർ വിദേശ മദ്യവുമായി സ്ത്രീ അടക്കം രണ്ട് പേരെ ഇരിങ്ങാലക്കുട എക്സൈസ് പിടികൂടി. കോഴിക്കോട് സ്വദേശി ഡാനിയൽ, കുറ്റിച്ചിറ സ്വദേശിനി സാഹിന എന്നിവരാണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തൃശ്ശൂർ കൊടകര പാലത്തിന് സമീപത്ത് വെച്ചാണ് ഇവർ പിടിയിലായത്. പരിശോധനകൾ ഒഴിവാക്കുന്നതിനായി ദമ്പതികൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്.
വീട്ടിൽ ധരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് സ്ത്രീ വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്ന് ബ്രാന്റുകളിലായി 72 ലിറ്റർ മദ്യമാണ് കാ റിൽ നിന്നും പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് തൃശൂർ അസി.എക്സൈസ് കമ്മീഷണർ പി.കെ. സതീഷ് കുമാർ പറഞ്ഞു. ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൽ എത്തിച്ച പ്രതികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ആത്മഹത്യ ഭീഷണിയും സ്ത്രീ മുഴക്കിയിരുന്നു. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും എവിടെയ്ക്കാണ് മദ്യം കൊണ്ടുപോയിരുന്നതെന്നും അന്വേഷിക്കുമെന്നും എക്സൈസ് അറിയിച്ചു.