ചേർപ്പ്: കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചാടിയ ഭാഗത്ത് നിന്ന് തന്നെയാണ് മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ചെറിയപാലം ഭാഗത്ത് നിന്നും നടന്ന് വന്ന യുവതി വലിയപാലത്തിന്റെ മധ്യഭാഗത്തു വെച്ച് കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവതി ആരാണ് എന്ന് ഇത് വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കില്ലും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും സ്‌കൂബ ടീം എത്തി തിരച്ചില്‍ തുടരവേയാണ് മൃതദേഹം കണ്ടെത്തിയത്.
ഇരിങ്ങാലക്കുട, ചേര്‍പ്പ് എന്നി സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കരുവന്നൂര്‍ പാലത്തില്‍ ഇത്തരം ആത്മഹത്യകള്‍ തുടര്‍കഥയാവുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാമത്തെ ആളാണ് കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് ചാടുന്നത്. ഒന്നര വര്‍ഷം മുന്‍പ് ഒരു വിദ്യാര്‍ത്ഥിയും പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളിലായുള്ള കൈവരികള്‍ക്ക് മുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് നവകേരള സദസ്സില്‍ പ്രദേശവാസികള്‍ പരാതിയും നല്‍കിയിരുന്നു.