അരിമ്പൂർ: മണലൂർ മണ്ഡലം നവ കേരള സദസിൽ നൽകിയ നിവേദനത്തെ തുടർന്ന് ചാലാടി പഴം കോൾ കൂട്ടുകൃഷി സഹകരണസംഘത്തിൻ്റെ 825 ഏക്കർ കൃഷിയിടങ്ങളി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി എഴുപത്തിയഞ്ച് ലക്ഷം ചിലവിൽ 6 സബ് മേഴ്സിബിൾ പമ്പ് സെറ്റുകൾ സർക്കാർ അനുവദിച്ചതായി തൃശൂർ കൃഷി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി പടവ് പ്രസിഡൻ്റ് വി കെ മണി പറഞ്ഞു. 2018ൽ കൃഷി ഓഫീസർക്ക് പമ്പ് സെറ്റ് അനുവദിച്ചു കിട്ടുവാൻ വേണ്ടി അപേക്ഷ നൽകിയിരുന്നുവെങ്കിലും അനുകൂലമറുപടിയൊന്നും ലഭിച്ചിരുന്നില്ല. പഴകിയ പെട്ടിയും പറയും ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് ഇവിടെ കൃഷിയിറക്കുന്നത്. ഇത് മൂലം സമയത്തിന് കൃഷിയിറക്കൽ അസാധ്യമായിരുന്നു. കാലം തെറ്റി കൃഷിയിറക്കുന്നതിനാൽ ഈ പടവിലെ കർഷകർ വലിയ നഷ്ടമാണ് സഹിച്ചു വരുന്നത്. ഏപ്രിൽ മാസത്തിൽ സബ് മേഴ്സിബിൾ പമ്പ് എത്തുന്നതോടെ കർഷകരുടെ പതിറ്റാണ്ടുകളായുള്ള പ്രശ്നമാണ് പരിഹരിക്കപെടുന്നതെന്ന് പടവ് സെക്രട്ടറി സി.കെ. മോഹനൻ പറഞ്ഞു.