തളിക്കുളം: ഗ്രാമപഞ്ചായത്തും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി മാലിന്യമുക്തം നവകേരളം കാംപയിൻ്റെ ഭാഗമായി സ്നേഹതീരം ബീച്ച് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത അധ്യക്ഷയായി. പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുക, വ്യക്തികൾ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ പൊതുവിടങ്ങളിലും ജലസ്രോത സുകളിലും വലിച്ചെറിയാതിരിക്കുക എന്നതാണ് കാംപയിൻ്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ വരുന്ന ടൂറിസം കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം വച്ചാണ് സ്നേഹതീരം ബീച്ച് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. മെഹബൂബ്, ബ്ലോക്ക് പഞ്ചായത്തംഗം കല ടീച്ചർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സന്ധ്യാ മനോഹരൻ, ഐ.എസ്. അനിൽകുമാർ, ഷാജി ആലുങ്ങൽ, ഡോ.അജയ് രാജ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.എ. സിനി, തൊഴിലുറപ്പ് പ്രവർത്തകർ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തു.