News One Thrissur
Thrissur

കയ്പമംഗലം നിയോജക മണ്ഡലത്തെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്

കയ്പമംഗലം: നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് തുക അനുവദിച്ച് ചേർത്ത് പിടിക്കുകയാണ് സംസ്ഥാന ബജറ്റ് 2024 – 25. ദേശീയപാത വികസനം പൂർത്തീകരിക്കുന്നതിനും ലൈഫ് മിഷനിലൂടെ വീട് നൽകുന്നതിനും പുനർഗേഹം പദ്ധതിക്കായി കഴിഞ്ഞവർഷത്തേക്കാളും ഇരട്ടി തുക വകയിരുത്തിയതും, മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് പദ്ധതി ആവിഷ്കരിച്ചതും, തീരസംരക്ഷണത്തിനായി 15 കോടി അനുവദിക്കപ്പെട്ടതും നവ കേരള പദ്ധതിക്കായി 35 കോടി രൂപ വകയിരുത്തിയതും, പ്രവാസി ക്ഷേമത്തിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളതുമായ സംസ്ഥാന ബഡ്ജറ്റിൽ തീരദേശമണ്ഡലമായ കയ്പമംഗലത്തിന് പൊതുനേട്ടങ്ങൾ ഏറെയാണ്. മണ്ഡലത്തിന്റെ തനത് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചത് മണ്ഡലത്തിന് ഏറെ ഗുണകരമാകും.

കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമായ മണ്ഡലത്തിലെ മൂന്നുപീടിക ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് മാറ്റാനായി ജംഗ്ഷന്റെ വിസ്തൃതി വർധിപ്പിച്ച് ട്രാഫിക്ക് കുരുക്ക് മാറ്റുന്നതിനായി ബജറ്റിൽ രണ്ട് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മണ്ഡലത്തിലെ യുവജനങ്ങളുടെയും കുട്ടികളുടെയും പ്രധാന ആവശ്യമാണ് പൊതു കളിസ്ഥലം ഉണ്ടാക്കുക എന്നത് ഇതിന്റെ ഭാഗമായി കയ്പമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനായി ഒന്നര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന അറുപതാം കോളനിയിൽ നിരവധി ഉൾവഴികളുണ്ട് ഇവ നവീകരിക്കുന്നതിനും

കോളനിയിലെ കാനകൾ പുനർ നിർമ്മിച്ച് കോളനിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമായി രണ്ട് കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളിൽ ഏറെ പേരും തിങ്ങി പാർക്കുന്ന എറിയാട് ഗ്രാമ പഞ്ചായത്തിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച് ഇന്ന് ജീർണനാവസ്ഥയിലായി നിൽക്കുന്ന ആറാട്ടുവഴി പാലത്തിന്റെ നിർമ്മാണത്തിനായി നാല് കോടി രൂപ വകയിരുത്തി. മതിലകം റെജിസ്ട്രാർ ഓഫീസ് കെട്ടിട പുനർ നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. നവ കേരള സദസ്സുമായി ബന്ധപ്പെട്ട് അയൽക്കൂട്ട സദസ്സുകളിൽ ഉയർന്നുവന്ന ഒരു ആവശ്യമായിരുന്നു മൂന്നുപീടിക മാർക്കറ്റ് കെട്ടിട നിർമ്മാണം ഇതുമായി ബന്ധപ്പെട്ട് കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ നവ കേരള സദസ്സുമായി ബന്ധപ്പെട്ട പ്രവർത്തിയിൽ ബജറ്റിൽ ഏഴുകോടി രൂപ വകയിരുത്തി. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ജിഎൽപിഎസ് വേക്കോട്, ജിഎഫ്എൽ പിഎസ് പി. വെമ്പല്ലൂർ എന്നീ വിദ്യാലങ്ങൾക്ക് പുതിയ കെട്ടിടത്തിനായി തുക അനുവദിച്ചു. കയ്പമംഗലം നിയോജകമണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളേയും തമ്മിൽ ബന്ധപ്പെടുത്തി അഴീക്കോട് പടന്ന മുതൽ എടത്തിരുത്തി പാലപ്പെട്ടി റോഡ് വരെ പോകുന്ന ഉൾനാടൻ ഗ്രാമീണ റോഡിന്റെ നവീകരണത്തിനായി സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചു. മണ്ഡലത്തിലെ പട്ടികജാതി വിഭാഗത്തിന്റെ

ഉന്നമനത്തിനായി എടത്തിരുത്തിയിൽ സ്വയം തൊഴിൽ വ്യവസായ കേന്ദ്രനിർമ്മാണത്തിന് ഒന്നര കോടി രൂപ വകയിരുത്തി. അടിസ്ഥാന വികസനകാര്യത്തില്‍ വളരെയധികം പിന്നോക്കം നില്‍ക്കുന്ന ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പി. വെമ്പല്ലൂർ വേക്കോട് സുനാമി കോളനി നവീകരിക്കുന്നതിന് വേണ്ടി തുക വകയിരുത്തി. എടത്തിരുത്തി പട്ടികജാതി ഐ ടി ഐക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് തുക വകയിരുത്തി. മണ്ഡലത്തിലെ മത്സ്യ തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന കമ്പനി കടവ് ഫിഷ് ലാന്റിങ്ങ് സെന്റർ, അഴീക്കോട് പൂച്ചക്കടവ് ഫിഷ് ലാന്റിങ്ങ് സെന്റർ എന്നിവയുടെ നിർമാണത്തിനും തുക വകയിരുത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്തിന് അർഹതപ്പെട്ട അവകാശങ്ങൾ ഹനിക്കപ്പെടമ്പോഴും നവകേരള സൃഷ്ടിക്കായി പേരാടുന്ന സർക്കാറിന്റെ ഈ ജനകീയ ബജറ്റ് സമസ്ത മേഖലകളേയും തൊട്ടറിഞ്ഞതും നമ്മുടെ മണ്ഡലത്തിന് ആവശ്യമായ പരിഗണന നൽകുന്നതുമായ ബഡ്ജറ്റാണെന്നും ഇത് കേരള സമൂഹത്തിന് ഏറെ പ്രയോജനപ്രദമാകുമെന്നും ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.

Related posts

തൃശൂർ ജില്ലയിലെ ഏഴ് വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.

Sudheer K

ജയഘോഷ് അന്തരിച്ചു

Sudheer K

ബുത്തുകൾ അലങ്കരിക്കാൻ ഉപയാഗിച്ച അരങ്ങുകളും പോസ്റ്ററുകളും തീയിട്ടു: പടിയം കൊച്ചിപ്പാടത്തിന് തീപ്പിടിച്ചു.

Sudheer K

Leave a Comment

error: Content is protected !!