തൃപ്രയാർ: കെഎസ്ഇബി ഉദ്യോഗസ്ഥർ അകാരണമായി വെട്ടിനശിപ്പിച്ച വാഴക്കുല കളുമായി വലപ്പാട് കെഎസ്ഇബി ഓഫിസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ചൂലൂർ ജുമാ മസ്ജിദിനു എതിർ വശത്ത് കർഷകരായ സന്തോഷും മനോജും വർഷങ്ങളായി നടത്തുന്ന നേന്ത്രവാഴ കൃഷിയിൽ കുലച്ച വാഴകളാണ് വലപ്പാട് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വെട്ടി നശിപ്പിച്ചത്. 15 വർഷമായി വൈദ്യുതി പ്രവഹിക്കാത്ത ലൈനിനു താഴെ വാഴക്കുലകൾ ഉണ്ടെന്നു പറഞ്ഞാണ് ഇവ വ്യാപകമായി നശിപ്പിച്ചത്.
എടത്തിരുത്തി, വലപ്പാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. വാഴക്കുലകളും വാഴയും കെഎസ്ഇബി ഓഫിസിനു മുൻപിൽ വച്ചാണ് സമരം അവസാനിപ്പിച്ചത്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പി.എസ്. സന്തോഷ് മാസ്റ്റർ അധ്യക്ഷനായി. എടത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഇൻഷാദ് വലിയകത്ത് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ പ്രകാശൻ മാസ്റ്റർ, എ.എ. ഇക്ബാൽ, അഫ്സൽ വലിയകത്ത്, കെ.എം. ഷാഫിക്ക്, ഫാറൂഖ് കുട്ടമംഗലം, സിറാജ് മോടാനിപറമ്പിൽ, ജോസ് താടിക്കാരൻ, സുമേഷ് പാനാട്ടിൽ, കെ. എച്ച്. കബീർ, ബിനോയ് ലാൽ, അജ്മൽ ഷെരീഫ്, വൈശാഖ് വേണുഗോപാൽ, യു.ആർ. രാഗേഷ്, അഭിലാഷ് തേവർ കാട്ടിൽ സംസാരിച്ചു.