കാഞ്ഞാണി: സര്‍ഫാസി ജപ്തി നടപടിയുടെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന ചെമ്പന്‍ വിഷ്ണു വിനയന്റെ മരണത്തിൽ പ്രതിഷേധി ച്ചുകൊണ്ട് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം തൃശൂര്‍ സമിതി കാഞ്ഞാണി സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്‍പില്‍ ധര്‍ണ്ണയും പ്രതിഷേധ യോഗവും നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ടി.കെ വാസു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കിടപ്പാടം ജപ്തി ചെയ്യാതിരിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ജനവിരുദ്ധ സര്‍ഫാസി നിയമം റദ്ദാക്കണമെന്നും ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ഫാസി നിയമം റദ്ദാക്കുമെന്ന് പ്രകടനപത്രികയിലൂടെ ഉറപ്പ് നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യില്ലെന്നും ഉദ്ഘാടനം നിർവഹിച്ച ടി.കെ.വാസു പറഞ്ഞു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പ്രവിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു വി.സി. ജെന്നി, പി.എ. കുട്ടപ്പന്‍, പി.ജെ. മാനുവല്‍, ബെന്നി കൊടിയാട്ടില്‍ എന്നിവര്‍ സംസാരിച്ചു. സര്‍ഫാസി നിയമം വിഷ്ണുവിന്റെ കുടുംബത്തി നെതിരെ അന്യായമായാണ് ഉപയോഗിച്ചിട്ടുള്ളത്.
8 ലക്ഷം രൂപ വായ്പയിലേക്ക് 8.45ലക്ഷം തിരിച്ചടച്ചു. പ്രളയവും, കോവിഡും ബാധിച്ച് കഷ്ടത്തിലായ കുടുംബത്തിന് സാവകാശവും ഇളവും നല്‍കാതെ താക്കോല്‍ നല്‍കി ഇറങ്ങണമെന്ന് ശഠിച്ചതാണ് ആത്മഹത്യക്ക് വഴിവെച്ചത്. വായ്പ ടേക്ക് ഓവര്‍ ചെയ്യാന്‍ മറ്റൊരു ബാങ്ക് തയ്യാറായിട്ടും അത് അനുവദിക്കാ തിരുന്ന റിക്കവറി ഓഫീസര്‍ അക്ഷയ് വര്‍മ്മയാണ് വിഷ്ണുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. വിഷ്ണുവിന്റെ കുടുംബത്തിന്റെ കടബാധ്യത എഴുതി തള്ളി അവരുടെ പ്രമാണം തിരികെ നല്‍കണമെന്നും ആത്മഹത്യക്ക് കാരണക്കാരനായ അക്ഷയ് വര്‍മ്മയ്ക്ക് എതിരെ പട്ടികജാതി നിയമപ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതിയുടെ നേതൃത്വം ആവശ്യപ്പെട്ടു.