തളിക്കുളം: തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. എടമുട്ടം സ്വദേശി അസ്ലം (16) എന്ന കുട്ടിയെയാണ് കാണാതായത്. തളിക്കുളം കൈതക്കലിൽ ഉള്ള ഓർഫനേജിലെ വിദ്യാർഥിയാണ് അസ്‌ലം, ഇരുപതോളം കുട്ടികളടങ്ങുന്ന സംഘമാണ് രാവിലെ എട്ട് മണിയോടെ കടപ്പുറത്ത് എത്തിയത്. സവാദ് എന്ന കൂട്ടുകാരനും അസ്‌ലമും ആണ് കടലിൽ ഇറങ്ങിയത്. കടലിൽ മുങ്ങിത്താഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് സവാദിനെ രക്ഷപ്പെടുത്തി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അസ്‌ലമിനായി ഫയർഫോഴ്സും, പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.