അന്തിക്കാട്: വിലക്കയറ്റം തടയുക, ജലജീവൻ പദ്ധതിക്കുവേണ്ടി വെട്ടിപൊളിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മിഴിയടച്ച ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ കോൺഗ്രസ് അന്തിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് നടയിൽ സായാഹ്ന ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വിലക്കയറ്റം മൂലം ജനജീവിതം ദുസഹമായി മാറിയെന്ന് സോയ ജോസഫ് ആരോപിച്ചു. ഗ്രാമ പഞ്ചായത്തിലെ 12 ഹൈമാസ്റ്റ് ലൈറ്റുകളും മിഴിയടച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.
തകർന്ന റോഡുകളിൽ യാത്രാ ദുരിതമേറി. വികസന പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ പഞ്ചായത്ത് ഭരണം ദയനീയ പരാജയമാണെന്നും യോഗം കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി റസിയ ഹബീബ് അധ്യക്ഷയായി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ്, ഗൗരി ബാബു മോഹൻ ദാസ്, ഷൈൻ പള്ളിപ്പറമ്പിൽ, ഷീജ ജോൺസൻ, വി.കെ. മോഹനൻ, അഡ്വ.സുരജ വിപിനൻ, രഘു നല്ലയിൽ, ഷീജ രാജു, സുധീർ പാടൂർ സംസാരിച്ചു.