അരിമ്പൂർ: മഹാരാഷ്ട്രയിൽ നിന്ന് മലയാളി സംഘടനകൾ ഇടപെട്ട് നാട്ടിലെത്തിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരിമ്പൂർ കൈപ്പിള്ളി എറണാട്ടിൽ ശ്രീകുമാർ (43) ആണ് മുളംകുന്നത്തുകാവ് മെഡി. കോളേജിൽ വച്ച് മരിച്ചത്. ന്യൂമോണിയ ബാധയായിരുന്നു മരണ കാരണം. ജോലി സംബന്ധമായ കാര്യത്തിനായി ചണ്ഡിഗറില്‍ പോയി വരുമ്പോൾ മഹാരാഷ്ട്രയിൽ വച്ച് ട്രെയിനില്‍ അബോധാവസ്ഥയിലായ ശ്രീകുമാറിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം മലയാളി സംഘടനകളാണ് പരിചരിച്ചതും നാട്ടിലറിയിച്ചതും. ഇദ്ദേഹത്തിന്റെ കൂടെ സന്ദീപ് എന്ന സുഹൃത്തും ഒപ്പം ട്രെയിനിൽ ഉണ്ടായിരുന്നു.
നാട്ടിൽ നിന്നും മലയാളി സംഘടനകൾ സമാഹരിച്ചതും അടക്കം 80,000 വാടക നൽകി ഞായറാഴ്ച രാത്രിയാണ് വസായിൽ നിന്ന് ശ്രീകുമാറിനെ ആംബുലൻസിൽ തൃശൂരിലെത്തിക്കുന്നത്. എത്തുമ്പോൾ കരളിന്റെ പ്രവര്‍ത്തനം പാതി നിലച്ച് അബോധാവസ്ഥയിലായിരുന്നു ശ്രീകുമാർ. പരേതരായ പരമേശ്വരൻ നായരുടെയും ചിത്രയുടെയും മകനാണ് ശ്രീകുമാർ. മകൻ : മകൻ: റിത്വിക്. സഹോദരങ്ങൾ: മുരളി, പരേതരായ ജയൻ, ശ്രീദേവി. സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ.