വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാംഘട്ട സമരത്തി ൻ്റെ ഭാഗമായി എങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഏങ്ങണ്ടി യൂരിൽ സ്ഥാപിച്ചിട്ടുള്ള ജല സംഭരണി യിൽനിന്നും ഗുരുവായൂരി ലേക്ക് പോകുന്ന പൈപ്പ് ലൈനിൽ നിന്നും ഒരുമനയൂർ പഞ്ചായത്തിലേക്കും കടപ്പുറം പഞ്ചായത്തിലേക്കും വെള്ളം കൊണ്ടു പോകാനുള്ള പ്രൊജക്റ്റ് തയാറാക്കുകയും അതിന് വേണ്ടിയുള്ള പണി ആരംഭിക്കുകയും ചെയ്തിട്ടും എം എൽഎ ഉൾപ്പെടെയുള്ളവർ ഏങ്ങണ്ടിയൂരിനെ ആ പദ്ധതിയിൽ ഉൾപെടുത്താതിരിക്കുകയും, കൂടാതെ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയും മൂലമാണ് എങ്ങണ്ടിയൂരിൽ ഇത്രയും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
എംഎൽഎ ഏങ്ങണ്ടിയൂർ പഞ്ചായത്തിനോട് കാണിക്കുന്ന അവഗണനക്കും പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന ക്കുമെതിരെ അടുത്ത ഘട്ടം ഉപരോധസമരമടക്കം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷനായി. ഡിസിസി അംഗം ഇർഷാദ് കെ.ചേറ്റുവ, യുഡിഎഫ് ചെയർമാൻ സുബൈർ വലിയകത്ത്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സി.എ. ഗോപാലകൃഷ്ണൻ, സുനിൽ നെടുമാട്ടുമ്മൽ, ആർ.എം. സിദ്ധി, ഘോഷ് തുഷാര, പി.എം. റാഫി, എൻ.കെ. ഷജിൽ, കെ.പി. ആർ പ്രദീപ്, ഫാറൂഖ് യാറത്തിങ്കൽ, പി.എം. മഗ്സൂത്, ഒ.വി. സുനിൽ, ലത്തീഫ് കെട്ടുമ്മൽ, ലിതീഷ്, പഞ്ചായത്ത് മെംബർമാരായ ചെമ്പൻ ബാബു, പ്രീത ടീച്ചർ, സുമയ്യ സിദ്ദി, ഓമന, ഉഷ ടീച്ചർ സംസാരിച്ചു.