തൃശൂർ : സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം – വർണ്ണപകിട്ട് 2024 ന് തുടക്കം കുറിച്ചുകൊണ്ട് നാളെ തൃശ്ശൂരിൽ വർണ്ണ ശബളമായ ഘോഷയാത്ര നടക്കും. തൃശ്ശൂർ വിദ്യാർത്ഥി കോർണ്ണറിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫ്ലാഗ്ഗ് ഓഫ്ചെയ്യും.
ജനപ്രതിനിധികൾ, സ്റ്റേറ്റ്/ ജില്ലാ തല ട്രാൻസ്ജന്‍ഡർ പ്രതിനിധികൾ, ജീവനക്കാർ, ട്രാൻസ്ജെന്‍ഡർ കമ്മ്യൂണിറ്റി അംഗങ്ങൾ, കുടുംബശ്രീ – അങ്കണവാടി പ്രവർത്തകർ, യുവജനക്ഷേമ ബോർഡ് അംഗങ്ങൾ എന്നിവർ ഘോഷയാത്രയിൽ അണിനിരക്കും. തൃശ്ശൂർ വിദ്യാർത്ഥി കോർണ്ണറിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര നടുവിലാൽ, നായ്ക്കനാൽ, സ്വപ്ന, പാലാസ് റോഡ് വഴി ടൌണ്‍ഹാളിൽ എത്തിച്ചേരും.
ട്രാൻസ്ജെന്‍ഡർ കമ്മ്യൂണിറ്റി അംഗങ്ങളുടെ വർണ്ണപകിട്ടാർന്ന വിവിധ കലാരൂപങ്ങൾ, കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, കുടുംബശ്രീ പ്രവർത്തകരുടെ ശിങ്കാരിമേളം, പുലിക്കളി എന്നിവ ഘോഷയാത്രക്ക് മിഴിവേകും.
ഘോഷയാത്രക്ക് ശേഷം മന്ത്രി ഡോ. ആർ.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും. പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ പാർലമെന്‍ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. റവന്യു വകുപ്പ് മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടി തിങ്കളാഴ്ച വൈകീട്ട് 5 മണിക്കുള്ള സമാപന സമ്മേളനത്തോടെ അവസാനിക്കും.