ചാഴൂർ: നാട്ടിക നിയോജക മണ്ഡലം എംഎൽഎ ആസ്തി വികസന ഫണ്ട് 2022-23 ൽ നിന്നും ആലപ്പാട് കനാൽ സ്റ്റോപ്പിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു. ഏറെ വെയിലും, മഴയും കൊണ്ട് ബസ് കാത്ത് നിന്നിരുന്ന നാട്ടുക്കാർ നവകേരള സദസ്സിൽ പരാതി നൽകിയത് സി.സി. മുകുന്ദൻ എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എംഎൽഎ ആസ്തിവികസനഫണ്ടിൽ നിന്നും അടിയന്തരമായി തുക അനുവദിച്ച് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. മണ്ഡലത്തിലെ വിവിധ സെൻ്ററുകളിലായി ആദ്യഘട്ട പദ്ധതിയിലെ 8 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൂർത്തീകരിച്ചതായി എംഎൽഎ പറഞ്ഞു.
ചടങ്ങിൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ആലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.വി. ഹരിലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനീത ബെന്നി, എം.കെ. ഷൺമുഖൻ, കെ.വി. ഇന്ദുലാൽ, ഷില്ലി ജിജുമോൻ എന്നിവർ പങ്കെടുത്തു.