എരുമപ്പെട്ടി: ഭക്ഷണത്തിൽ ചത്ത പഴുതാരയെ കണ്ടെന്ന പരാതിയെ തുടർന്ന് ഭക്ഷണ വിൽപന സ്ഥാപനം ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററിൽ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് ടെയ്ക്ക് എവേ എന്ന സ്ഥാപനമാണ് അടച്ചത്. സ്ഥാപന ത്തിൽനിന്ന് എരുമപ്പെട്ടി സ്വദേശിനി ഷെമീറ വാങ്ങിയ ഭക്ഷണത്തിലാണ് വെന്ത പഴുതാരയെ കണ്ടത്. കാറ്ററിങ് ഏജൻസിയായ ഇവർ മറ്റൊരു സ്ഥലത്തുനിന്ന് ഭക്ഷണം പാചകം ചെയ്ത് ഇവിടെ കൊണ്ടുവന്ന് വീണ്ടും ചൂടാക്കി വിൽപന നടത്തു കയാണ് പതിവ്. വെള്ളിയാഴ്ച രാത്രിയിലാണ് ഷെമീറ ഭക്ഷണം വാങ്ങിയത്. കുട്ടികൾ കഴിക്കുമ്പോഴാണ് പഴുതാരയെ കണ്ടതെന്ന് ഷെമീറ പറയുന്നു. തുടർന്ന് ആരോഗ്യ വകുപ്പിൽ വിവരമറിയിച്ചു.
എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് ജേക്കബ്, ജെഎച്ച്ഐ സി.ജി. ജോസഫ് എന്നിവർ സ്ഥലത്തെത്തി സ്ഥാപനം അടക്കാൻ നിർദേശം നൽകുകയായിരുന്നു. ഭക്ഷ്യസുരക്ഷ വകുപ്പ് കുന്നംകുളം സർക്കിൾ ഓഫിസർക്കും ഷെമീറ പരാതി നൽകിയിട്ടുണ്ട്.