അരിമ്പൂർ: പതിനഞ്ചു വർഷങ്ങൾക്കു മുമ്പൊരു കുടുംബ സംഗമത്തിൽ അനിൽ പരയ്ക്കാട് അവതരിപ്പിച്ച ശാസ്ത്ര മാജിക് ഇന്ന് “അത്ഭുത വിദ്യകളും ശാസ്ത്ര സത്യങ്ങളും” എന്ന പേരിൽ അഞ്ഞൂറ് വേദികൾ പിന്നിട്ടിരിക്കുകയാണ്. പ്രൊഫസർ നരേന്ദ്ര നായിക്കിന്റെ ദിവ്യാത്ഭുത അനാവരണ ക്ലാസാണ് അനിലിന് പ്രചോദനമായത്. തുടർന്നുള്ള അന്വേഷണങ്ങളിലൂടെയും വായനയിലൂടെയുമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ശാസ്ത്ര ക്ലാസ് രൂപപ്പെടുന്നത്. വായിൽ കർപ്പൂരം കത്തിക്കുക, ശൂന്യതയിൽ നിന്നും ഭസ്മം എടുക്കുക, ഹോമകുണ്ഡം തനിയെ കത്തിക്കുക, മദ്യം വെള്ളമാക്കുക തുടങ്ങിയ അത്ഭുതങ്ങൾ കാണിക്കുമ്പോൾ ജനങ്ങൾ അത്ഭുത ത്തോടെയും ആകാംക്ഷയോടെയും ആണ് കണ്ടിരിക്കുക. ഒടുവിൽ അതിന്റെ രഹസ്യം വെളിപ്പെടുത്തി ജനങ്ങളെ ചിന്തിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ക്ലാസിന്റെ രീതി. വിജ്ഞാൻസാഗർ, കോളേജുകൾ, സ്കൂളുകൾ, വായനശാലകൾ, ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള യുക്തിവാദി സംഘം, പുരോഗമന പ്രസ്ഥാനങ്ങൾ എന്നിവയ്ക്ക് വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും അനിൽ ക്ലാസുകൾ എടുത്തിട്ടുണ്ട്.
ഇതിന് 2019 ൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ സോങ് ആൻഡ് ഡ്രാമ ഡിവിഷനിൽ മാജിക് വിഭാഗത്തിൽ എംപാനൽ ആർട്ടിസ്റ്റായി അനിലിന് സെലക്ഷൻ ലഭിച്ചു. ദിവ്യാ ത്ഭുതങ്ങൾ തുറന്നു കാണിക്കുന്നതി നോടൊപ്പം തന്നെ അന്ധ വിശ്വാസങ്ങൾക്കും അനാചാര ങ്ങൾക്കും എതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 6 ഹ്രസ്വ ചിത്രങ്ങൾ അനിൽ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇവയ്ക്ക് മികച്ച ഹ്രസ്വചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ( ICFFK) അവാർഡ്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ്, നിരവധി ചാനൽ അവാർഡുകൾഎന്നിവയും ലഭിച്ചിട്ടുണ്ട്. എൽഐസി തൃശ്ശൂർ ബ്രാഞ്ച് 2 വിലെ ഏജന്റ് ആയ അനിൽ പരയ്ക്കാട് തൃശ്ശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, ജില്ലാ ശിശുക്ഷേമ സമിതി അംഗം, സംസ്ഥാന ശിശുക്ഷേമ സമിതി അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൗൺസിൽ അംഗം, ബാലസംഘം ജില്ലാ അക്കാദമിക് കൗൺസിൽ അംഗം, കേരള യുക്തിവാദി സംഘം സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അരിമ്പൂർ പഞ്ചായത്തിൽ കിഴക്കേ പരയ്ക്കാടാണ് താമസം. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഗോകുൽ, ഗായത്രി.