തൃശൂർ: മറ്റത്തൂരിൽ ആറ്റപ്പിള്ളി പാലത്തിന് സമീപം കുറുമാലി പുഴയിൽ വീണ് വിദ്യാർഥിനി മരിച്ചു. കല്ലേററുംകര ചെമ്പോത്ത് വീട്ടിൽ ഹാഷിമിൻ്റെ മകൾ ഫാത്തിമ തൻസിലാണ് കുറുമാലി പുഴയിൽ മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെ ആറ്റപ്പിള്ളിക്ഷേത്ര കടവിലായിരുന്നു അപകടം. ആറ്റത്തൂരിലുള്ള ബന്ധു വീട്ടിൽ എത്തിയ കുട്ടി വീട്ടുകാരുമൊത്ത് പുഴ കാണാൻ എത്തിയതായിരുന്നു. കടവിലെ പടവുകൾ ഇറങ്ങുന്നതിനിടെ ഫാത്തിമ കാൽ വഴുതി പുഴയിലേക്ക് വീണു.
വെള്ളത്തിൽ മുങ്ങി താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്താൻ കൂടെ ഉണ്ടായിരുന്നവർക്ക് കഴിഞ്ഞില്ല. സ്ത്രീകളുടെ കരച്ചിൽ കേട്ട് സ്ഥലത്തെ ത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് നിന്ന് ഫയർ ഫോഴ്സും, കൊടകര പോലീസും എത്തി തിരച്ചിൽ നടത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ്.