തൃശൂർ: ചാലക്കുടി വി.ആര്‍ പുരത്ത് യുവാവ് ഭാര്യ വീടിന് പെട്രോളൊഴിച്ച് തീ വെച്ചു. തച്ചുടപറമ്പിൽ ബാലകൃഷ്ണന്റെ വീടിനാണ് മരുമകന്‍ ലിജോ പോള്‍ തീവെച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. സ്കൂട്ടറില്‍ വീട്ടിലെത്തിയ മരുമകന്‍ ലിജോ പോള്‍ കെെയ്യില്‍ കരുതിയ കന്നാസിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് ഇരുനില വീടിന് തീ വെക്കുകയായിരുന്നു.
സംഭവ സമയത്ത് ഭാര്യാ പിതാവ് ബാലകൃഷണനും ഭാര്യയും വീടിന് പുറത്തായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ലിജോ പോള്‍ വിദേശത്തുള്ള തന്‍റെ ഭാര്യയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞ ശേഷമാണ് വീടിന് തീവെച്ചത്. കുടുംബവഴക്കാണ് യുവാവിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.