അരിമ്പൂർ: വെളുത്തൂർ വിളക്കുമാടം റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രു 24 ന് ആരംഭിക്കും. കുന്നത്തങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷയാകും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, അരിമ്പൂർ പഞ്ചായത്ത് വൈ.പ്രസിഡന്റ് സി.ജി.സജീഷ്, സിന്ധു സഹദേവൻ തുടങ്ങിയവർ പങ്കെടുക്കും. നിലവിൽ 3.80 മീറ്റർ വീതി ഉള്ള റോഡ് 5.50 മീറ്റർ ആയി വർദ്ധിപ്പിക്കും. ആകെ 3.80 കോടി രൂപയാണ് ബിഎംബിസി നിലവാരത്തിൽ പണിയുന്ന റോഡിന് ചിലവ്.