തളിക്കുളം: തൃശൂർ പടിഞ്ഞാറെ കോട്ടയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തളിക്കുളം മതിലകത്ത് വീട്ടിൽ ചിറക്കുഴി മുഹമ്മദ് അഷറഫ് മകൻ മുഹമ്മദ് അൻസാർ (42)ആണ് മരിച്ചത്. തൃശൂർ കാനാട്ടുകര യിൽ കേരള വർമ കോളേജിനു സമീപം അളകനന്ദ അപാർട്ട്മെൻ്റിലാണ് അൻസാർ താമസിക്കുന്നത്. ഇന്നലെ രാത്രി 9 മണിയോടെ നടക്കാനിറങ്ങിയ അൻസാർ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം നടന്നത്. അൻസാറിനെ ബസ്സ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അൻസാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേ സമയം അൻസാർ ധരിച്ചിരുന്നത് ഇരുണ്ട നിറത്തിലുള്ള വസ്ത്രമായതിനാൽ റോഡ് മുറിച്ചു കടക്കുന്നത് കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി. ടി.എൻ. പ്രതാപൻ എംപിയുടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന യാളാണ് മുഹമ്മദ് അൻസാർ. ഇപ്പോൾ എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹപൂർവം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് കേന്ദ്ര സർക്കാർ അനുവദിച്ച കമ്മ്യൂണിറ്റി റേഡിയോ ആയ മൈ ക്ലബ് എഫ്എം 90 ന്റെ പ്രവർത്തകനാണ്.
മാതാവ്: ഫാത്തിമ. ഭാര്യ: ഹുസ്നു. മക്കൾ: അമ്മാർ, ആമിർ, ആയിഷ നൗറിൻ. ഖബറടക്കം പോസ്റ്റ് മോർട്ടത്തിന് ശേഷം നടക്കും.