ശ്രീനാരായണപുരം: പഞ്ചായത്തിലെ കോതപറമ്പ് വാടയിൽ കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു. ആഴ്ചകളോളം കുടിവെള്ളം ലഭിക്കാതെ വന്നതിനെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ ഉദ്യോഗസ്ഥരുടെ ജീപ്പ് തടഞ്ഞിടുക യായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. വാട പ്രദേശത്തെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് അന്വേഷണത്തി നെത്തിയ വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന് മുന്നിൽ വീട്ടമ്മമാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കാതെ ഉദ്യോഗസ്ഥരെ വിട്ടയക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഇതിനിടെ പഞ്ചായത്തംഗം ഉൾപ്പടെയുള്ള ജനപ്രതിനിധികളുമായി നാട്ടുകാർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ഒരു മണിക്കൂറിലധികം സമയം ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചുവെങ്കിലും പ്രശ്ന പരിഹാരത്തിന് ഇടപെടലു ണ്ടായില്ല. വാട പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അവശ്യമായ നടപടി സ്വീകരിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം നാട്ടുകാർ വാട്ടർ അതോറിറ്റി സംഘത്തെ വിട്ടയച്ചു.