ചാവക്കാട്: ബ്ലാങ്ങാട് വൈലി ഉത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു. നാല് പേർക്ക് പരിക്കേറ്റു. ആനപുറത്ത് ഉണ്ടായിരുന്ന കൊടുങ്ങല്ലൂർ അഴീക്കോട് എമ്മാട്ടു വീട്ടിൽ ശ്രീജിത്ത്(27), വടക്കാഞ്ചേരി കൊടിയ നിവാസി അഭിഷേക് (19), വടക്കാഞ്ചേരി പുത്തൻവീട്ടിൽ അജിൽ(19), വടക്കാഞ്ചേരി കൊടയിൽ വീട്ടിൽ കൃഷ്ണപ്രസാദ് (24) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകീട്ട് 4.10 ഓടെയാണ് സംഭവം. എഴുന്നള്ളിപ്പ് നടത്തുന്നതിനായി ആനകളെ വരിയായി നിർത്തുന്നതിനിടെ കൊമ്പൻ കൊണാർക്ക് കണ്ണൻ തൊട്ടടുത്ത് ഉണ്ടായിരുന്ന മീനാട് കേശു എന്ന കൊമ്പന്റെ തല ഭാഗത്ത് കുത്തി. ഇതോടെ കുത്തേറ്റ ആന പേടിച്ച് ഓടി. ഇതിനിടെ കുത്തേറ്റ ആനയുടെ പുറത്ത് ഉണ്ടായിരുന്നവർ താഴെ വീണു. മീനാട് കേശുവിനെ പാപ്പാന്മാർ നിയന്ത്രിച്ച് കൊണ്ട് പോയി. ഇതേ സമയം ക്ഷേത്ര പറമ്പിൽ ഓടി നടന്ന കൊണാർക്ക് കണ്ണനെ നിയന്ത്രിക്കാൻ ഒരുപാട് സമയം എടുത്തു. വിവരമറിഞ്ഞ് ചാവക്കാട് പോലീസും സ്ഥലലത്തെത്തി. പരിക്കേറ്റവരെ മണത്തല കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.