ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണിയെ തുടർന്നാണെന്ന് കുടുംബത്തിന്റെ ആരോപണം. ഇരിങ്ങാലക്കുട കല്ലംകുന്ന് സ്വദേശി അശോകൻ (51) ആണ് ആത്മഹത്യ ചെയ്തത്. കല്ലങ്കുന്ന് സർവീസ് സർവീസ് സഹകരണ ബാങ്കിൽ നിന്നും 2019ൽ 3,10,000 രൂപ വായ്പ യെടുത്തിരുന്നു. വീട് പണി പൂർത്തിയാക്കാനാണ് വായ്പ എടുത്തത്. വീട് പണി പൂർത്തിയാക്കാൻ സർക്കാർ പദ്ധികൾക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും അനുവദിച്ച് കിട്ടിയിരുന്നില്ല. ഇതേ തുടർന്നാണ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്തത്.
ആദ്യ ഘട്ടത്തിൽ കൃത്യമായി തിരിച്ചടച്ചിരുന്നു. തുടർന്ന് കോവിഡ് കാലമായതോടെ അശോകന് ജോലിയില്ലായായി. ഇതോടെ തിരിച്ചടവും മുടങ്ങി. പലതവണ ജപ്തിനോട്ടീസ് വന്നിരുന്നു. വിദ്യാർത്ഥിയായ മകനും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ഒടുവിൽ ബാങ്ക് അധികൃതരും സഹകരണ വകുപ്പ് സെയിൽ ഓഫീസറും ചേർന്ന് വീട്ടിലെത്തി വീട്ടിലെത്തി ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭാര്യ പ്രമീള പറയുന്നു. ഇതിന് ശേഷം അശോകൻ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ 14ന് ആണ് അശോകൻ മരിച്ചത്. ബാങ്ക് അധികൃതരുടെ ജപ്തി ഭീഷണിയെ തുടർന്നാണ് അശോകന്റെ ആത്മഹത്യയെന്ന് അശോകന്റെ ഭാര്യ പ്രമീള പറഞ്ഞു. വാസ്തവ വിരുദ്ധം – സെയിൽ ഓഫീസർ. ജപ്തി ഭീഷണിയാണ് അശോകന്റെ മരണത്തിന് കാരണമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് ബാങ്ക് സെക്രട്ടറിയും സെയിൽ ഓഫീസർ വിജിയും അറിയിച്ചു. ബാങ്ക് ഒരു തരത്തിലുള്ള നിയമനടപടികളിലേക്കും കടന്നിട്ടില്ല. തിരിച്ചടവോ, ജപ്തികളിലോ നോട്ടീസ് നൽകുകയോ വീട്ടിലെത്തുകയോ ചെയ്തിട്ടില്ല. ബോധപൂർവം തെറ്റായ പ്രചരണമാണെന്ന് സെയിൽ ഓഫീസർ പറഞ്ഞു.