കൊടുങ്ങല്ലൂർ: മണ്ഡലം സിപിഐയിൽ ആഭ്യന്തര കലാപം, ഒരു വിഭാഗം നേതാക്കൾ പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി. സി.സി. വിപിൻ ചന്ദ്രൻ സെക്രട്ടറി യായുള്ള മണ്ഡലം കമ്മറ്റിയെ പിരിച്ചുവിട്ടുകൊണ്ടുള്ള സംസ്ഥാന കമ്മറ്റി തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി. പുതിയ അഡ്ഹോക്ക് കമ്മറ്റിയിൽ ആരോപണ വിധേയരായവരെ ഉൾപ്പെടുത്തിയതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സിപിഐ നേതാക്കളുടെ രാജി കൊടുങ്ങല്ലൂർ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാക്കിയേക്കും. ഒരംഗത്തിൻ്റെ പിൻബലത്തിലാണ് എൽഡിഎഫ് നഗരം ഭരിക്കുന്നത്. ഒരു വിഭാഗം കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടും.
നാളുകളായി കൊടുങ്ങല്ലൂരിലെ സിപിഐയിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുടെ പ്രതിഫലനമാണ് ഇപ്പോഴത്തെ പൊട്ടിത്തെറി. കൊടുങ്ങല്ലൂരിലെ നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞതിനെ തുടർന്ന് ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും വിഷയം പഠിക്കാൻ ജില്ല അസി.സെക്രട്ടറി ടി.ആർ. രമേഷ് കുമാറിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മണ്ഡലം കമ്മിറ്റി യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളി വരെയെത്തി ഇതോടെയാണ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടുന്ന നടപടികളിലേക്ക് ജില്ലാ നേതൃത്വം കടന്നത്. സിപിഐക്ക് ജില്ലയിൽ ഏറ്റവും വലിയ സ്വാധീനമുള്ള മേഖലയിലെ ശക്തമായ കമ്മിറ്റി കൂടിയാണ് കൊടുങ്ങല്ലൂർ. കഴിഞ്ഞ സമ്മേളനത്തിൽ കൊടുങ്ങല്ലൂരിനെ വിഭജിച്ച് കൊടുങ്ങല്ലൂർ, മാള മണ്ഡലം കമ്മിറ്റികൾ രൂപവൽക്കരിച്ച് കൊടുങ്ങല്ലൂരിൽ വിപിൻ ചന്ദ്രനെ സെക്രട്ടറിയാക്കി മണ്ഡലം കമ്മിറ്റി നിലവിൽ വന്നത്.