തൃശൂർ: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ (ആര്‍ഒ), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ (എആര്‍ഒ) എന്നിവരുടെ അവലോകന യോഗം ചേര്‍ന്നു. ഫെബ്രുവരി 26നകം എആര്‍ഒ മാരുടെ നേതൃത്വത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരുടെയും ബിഎല്‍ഒമാരുടെയും യോഗം ചേരാന്‍ നിര്‍ദേശം നല്‍കി.
മാതൃകാ പോളിങ് ബൂത്തുകളുടെ പട്ടിക തയ്യാറാക്കല്‍, സ്‌ട്രോങ്ങ് റൂം പരിശോധന തുടങ്ങിയവയും 26നകം പൂര്‍ത്തിയാക്കണം. 80 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ടിങിന് അവസരമുള്ളതിനാല്‍ ഫോം 12ഡി സംബന്ധിച്ച നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ആര്‍ഒ, എആര്‍ഒമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.