ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടം ഇന്ന് (ബുധനാഴ്ച ) നടക്കും. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ആനയില്ലാ ശീവേലിയും ഉച്ചതിരിഞ്ഞ് മൂന്നിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ആനയോട്ടമത്സരത്തിൽ പങ്കെടുക്കുന്ന 10 ആനകളിൽ ഏഴ് ആനകളെ ചൊവ്വാഴ്ച കിഴക്കേ ഗോപുര നടയിൽവെച്ച് ദേവസ്വം ചെയർമാൻ നറുക്കെടുത്തു. കൊമ്പന്മാരായ ദേവദാസ്, ഗോപീകണ്ണൻ, രവീകൃഷ്ണൻ എന്നിവർ മുൻനിരയിൽ നിന്ന് ഓട്ടമാരംഭിയ്ക്കും.
കരുതലായി ചെന്താമരാക്ഷനേയും, പിടിയാന ദേവിയേയും തിരഞ്ഞെടുത്തു. മഞ്ജുളാൽ പരിസരത്തു നിന്നും ഓടിയെത്തി ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആനയാണ് ജേതാവ്. ആദ്യം ഓടിയെത്തുന്ന ആനയെ മാത്രമേ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിയ്ക്കുകയുള്ളു. വിജയിയായ ആനക്ക് ഉത്സവനാളുകളിൽ ക്ഷേത്രത്തിൽ പ്രത്യേക പരിഗണന ലഭിക്കും. ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ആനകളുടെ പാപ്പാൻമാർക്ക് വിദഗ്ദസമിതി കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.