ഇരിങ്ങാലക്കുട: ചാലക്കുടി കോടശ്ശേരിപഞ്ചായത്തിലെ മാരാങ്കോട് കമലക്കട്ടിയിൽ കനാലിൽ വീണ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. പടിഞ്ഞാക്കര സിബിയുടെ മകൻ ഇവാൻ (2) കളിക്കുന്നതിനിടയിൽ വീടിനടുത്തുള്ള കനാലിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു എന്ന് പറയപ്പെടുന്നു. നിറഞ്ഞൊഴുകുന്ന കനാലിൽ ഏകദേശം അര കിലോമീറ്റർ ദൂരേക്ക് ഒഴുകിപ്പോയി. ആ സമയം കനാലിൽ കുളിക്കുക യായിരുന്ന കുട്ടികളാണ് കനാലിലൂടെ കുട്ടി ഒലിച്ചു വരുന്നത് കണ്ടത്.
കനാലിൽ നിന്നെടുത്ത കുട്ടിയെ നാട്ടുകാരനായ ലെനിൻ എന്നയാളും മറ്റും ചേർന്ന് ആദ്യം വെള്ളിക്കുളങ്ങ രയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വെള്ളിക്കുളങ്ങര പോലീസ് ആംബുലൻസിൽ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഏഴരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിതാവ് സിബി വിദേശത്താണ്. അമ്മ: ഷിനി, വിവാഹം കഴിഞ്ഞ് നാലു വർഷത്തിനു ശേഷം ഉണ്ടായ കുട്ടിയാണ് ഇവാൻ.