മുല്ലശ്ശേരി: പഞ്ചായത്തിലെ ഊരകം ഏഴാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. മണലൂർ എംഎൽഎ മുരളി പെരുനെല്ലിയുടെ വാർഡാണ്. നിലവിലുണ്ടായിരുന്ന അംഗം യുഡിഎഫി ലെ മോഹനൻ വാഴപ്പുള്ളി യുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നാളെ രാവിലെ 7 മുതൽ വൈകീട്ട് 6 വരെ ഊരകം എയുപി സ്കൂളിൽ രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. അഞ്ച് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
ലിജോ പനയ്ക്കൽ( യുഡിഎഫ്), വി.എം. മനീഷ് (എൽഡിഎഫ്), മിഥുൻ വൃന്ദാവനം( എൻഡിഎ), പാർവതി ഗാന്ധി(ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), എൻ.ആർ. രാജൻ(സ്വതന്ത്രൻ). 23 ന് രാവിലെ 10 ന് മുല്ലശ്ശേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് വോട്ടെണ്ണൽ നടക്കുക. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ചാവക്കാട് സബ് രജിസ്ട്രാർ ഓഫീസർ ബി.ടി. ലൗസിയാണ് വരണാധികാരി. കഴിഞ്ഞ ഇലക്ഷനിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്.