കാഞ്ഞാണി: മണലൂരിൽ കുടിവെള്ളമില്ല. ബിജെപി ജനപ്രതിനിധികൾ ജല അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു. മണലൂർ പഞ്ചായത്തിലെ പാലാഴിയിലും സമീപ പ്രദേശങ്ങളിലും ദിവസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. വിഷയം ജല അതോറിറ്റി അധിക്യതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് മണലൂർഗ്രാമപഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികൾ തൃശൂരിലെ ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ബിജെപി ജനപ്രതിനിധികൾ ആയ രതീഷ്കൂനത്ത്, മിനി അനിൽകൂമാർ, ക്യഷ്ണേന്തു സിജിത്ത് എന്നിവരാണ് പ്രതിഷേധ വുമായി രംഗത്തെത്തിയത്.
പീച്ചിയിൽ നിന്നാണ് മണലൂരിലേക്ക് കുടിവെള്ളം എത്തിക്കുന്നതെന്നും പമ്പിംഗുമായി ബന്ധപ്പെട്ട് തകരാറാണ് കാരണമെന്നും രണ്ടുദിവസത്തിനകം പ്രശ്നപരിഹാരം ഉണ്ടാക്കുമെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ ഇ.എൻ. സുരേന്ദ്രൻ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ മണലൂരിലെ കുടിവെള്ളപ്രശ്നം പരിഹരിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കുടിവെള്ളം കിട്ടുന്നതുവരെ ജല അതോറിറ്റിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.