എടത്തിരുത്തി: എടത്തിരുത്തിയിൽ വീട് കുത്തിത്തുറന്ന് മോഷണം, അലമാരയിൽ സൂക്ഷിച്ച നാലായിരം രൂപ നഷ്ടപ്പെട്ടു. എടത്തിരുത്തി സഹകരണ ബാങ്കിന് തെക്ക് എലുവത്തിങ്കൽ ദേവസിയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ പേഴ്സിലാക്കി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. വീട്ടിൽ ആളില്ലായിരുന്നു. ഇന്ന് രാവിലെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.
തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുക യായിരുന്നു. ഇരുനില വീടിന്റെ മുൻ വശത്തെ വാതിലിന്റെ ലോക്ക് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മുറിക്കകത്തെ അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.