കൊടുങ്ങല്ലൂർ: പദ്ധതി വിഹിതം പങ്കിടുന്നതിൽ ഭരണ പക്ഷം ഇരട്ടത്താപ്പ് കാണിക്കുന്നതായി ആരോപിച്ച് കൊടുങ്ങല്ലൂർ നഗരസഭാ യോഗത്തിൽ പ്രതിപക്ഷ ബഹളം. പദ്ധതി രേഖ പ്രകാരം നഗരസഭയിലെ ഭരണപക്ഷ വാർഡുകളിലേക്ക് പത്ത് ലക്ഷം രൂപ വീതവും, പ്രതിപക്ഷ വാർഡുകളിലേക്ക് എട്ട് ലക്ഷം വീതവുമാണ് നീക്കി വെച്ചിട്ടുള്ളതെന്ന് പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാണിച്ചു. തങ്ങൾക്ക് പദ്ധതി വിഹിതം കുറഞ്ഞതിനെ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ ചോദ്യം ചെയ്യുകയായിരുന്നു.
തൊട്ടു പിറകെ കോൺഗ്രസ് അംഗം വി.എം. ജോണിയും പ്രതിഷേധവുമായി എഴുന്നേറ്റു. ഭരണപക്ഷ നിലപാടിനെതിരെ പ്രതിപക്ഷം ബഹളം വെച്ചതോടെ ചെയർപേഴ്സൺ ടി.കെ. ഗീത യോഗം അവസാനിപ്പിച്ചു. ഭരണപക്ഷ കൗൺസിലർമാർ ഹാൾ വീട്ടിറങ്ങിയെങ്കിലും പ്രതിപക്ഷത്തെ ബിജെപി അംഗങ്ങൾ യോഗം തുടർന്നു. തങ്ങൾ അജണ്ടകൾ ചർച്ച ചെയ്ത് യോഗം പൂർത്തിയാക്കിയതായി പ്രതിപക്ഷം പറഞ്ഞു. എന്നാൽ പ്രതിപക്ഷം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും, വികസനത്തിൽ രാഷ്ട്രീയമില്ലെന്നും നഗരസഭാ ചെയർപേഴ്സൺ ടി.കെ. ഗീത വ്യക്തമാക്കി.