മന്ദലാംകുന്ന്: സമഗ്ര ശിക്ഷാ കേരള ബിആർസി ചാവക്കാടിന്റെ നേതൃത്വത്തിൽ നടന്ന അധ്യാപകർക്കുള്ള പഠനോത്സവം ഏകദിന ശില്പശാല പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വെച്ച് നടന്ന ശില്പശാലയിൽ പിടിഎ പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിലാണ് അധ്യാപകർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചത്. പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായ ഗുണകരമായ മാറ്റങ്ങൾ വിലയിരുത്തുന്നതിനും പൊതുവിദ്യാലയ മികവുകൾ തിരിച്ചറിയുന്നതിനുമുള്ള അവസരം പൊതുസമൂഹത്തിന്റെ ലഭ്യമാക്കുക എന്നതാണ് പഠനോത്സവത്തിന്റെ ലക്ഷ്യം. ചാവക്കാട് ബിആർസി പരിധിയിലുള്ള മുപ്പത്തിയഞ്ചു എൽപിയുപി വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകരാണ് ശില്പശാലയിൽ പങ്കെടുത്തത്.
ക്ലസ്റ്റർ കോഡിനേറ്റർ റീജ ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് വി.എച്ച്. റബിയത്ത്, സ്റ്റാഫ് സെക്രട്ടറി ഡോ.അനീസ്. ടി.കെ എന്നിവർ സംസാരിച്ചു. ചാവക്കാട് ബിആർസി ക്ലസ്റ്റർ റിസോഴ്സ് കോർഡിനേറ്റർ മാരായ സനൂപ് കെ. ദാസ്, സൗജ ഒ.കെ, റീജ ടി.ജെ, അലീന എസ്. ചൂണ്ടൽ എന്നിവർ രണ്ട് ദിവസങ്ങളായി നടന്ന പഠനോത്സവ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സിആർസി കോഡിനേറ്റർ അലീന എസ്. ചുണ്ടൽ നന്ദിയും പറഞ്ഞു.