കൊടുങ്ങല്ലൂർ: എടവിലങ്ങിൽ വീടിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. എടവിലങ്ങ് സ്വദേശി പാറക്കൽ ലാലുവിനെയാണ് സർക്കിൾ ഇൻസ്പെക്ടർ എം.ശശിധരനും സംഘവും അറസ്റ്റ് ചെയ്തത്. ലാലുവിൻ്റെ ഭാര്യ രാഖി വാടകക്ക് താമസിക്കുന്ന എടവിലങ്ങ് കുഞ്ഞയിനിലെ വീടിൻ്റെ ജനൽ ചില്ല് അടിച്ച് തകർത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും, വീടിന് മുൻവശത്ത് നിറുത്തിയിരുന്ന രാഖിയുടെ സ്കൂട്ടർ കത്തിക്കുകയുമായിരുന്നു.
ശബ്ദം കേട്ട് ഉറക്കം ഉണർന്ന ഭാര്യ രാഖി ഉടൻ തന്നെ കട്ടിലിലെയും, കിടക്കിയിലേയും തീ വെള്ളമൊഴിച്ച് കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച അർദ്ധ രാത്രിയിലായിരുന്നു സംഭവം. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുൻപ് ഭാര്യ രാഖിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവത്തിൽ ലാലുവിനെതിരെ കേസ് നിലവിലുണ്ട്. എസ്ഐമാരായ ഹരോൾഡ് ജോർജ്ജ്, സജിനി, എഎസ്ഐ മിനി, സിപിഒമാരായ ഗോപകുമാർ, ജാക്സൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.