ചാഴൂർ: പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് തിടമ്പേറ്റുന്ന ആനയെ നറുക്കെടുപ്പിലൂടെ നിശ്ചയിച്ച കേന്ദ്ര കമ്മിറ്റി തീരുമാനം അന്യായമാണെന്ന് ചാഴൂർ കുറുമ്പിലാവ് ദേശം ഉത്സവ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2012 ൽ അംഗീകരിച്ചിട്ടുള്ള ആനകളുടെ ഉയര അളവ് പരിഗണിക്കാതെ ഏറ്റവും പുതിയ ചിപ്പ് അളവ് പ്രകാരം കൂടുതൽ ഉയരമുള്ള ആനയാണ് തിടമ്പേറ്റേണ്ടത് എന്നാണ് 7 ദേശക്കാരും ചേർന്ന പൊതുയോഗം തീരുമാനിച്ചിരുന്നത്. അക്കാര്യം മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതു പ്രകാരം ചാഴൂർ കുറുമ്പിലാവ് ദേശത്തിൻ്റെ ആനയായ ചിറയ്ക്കൽ കാളിദാസനാണ് തിടമ്പേറ്റാൻ യോഗ്യത. കാളിദാസൻ്റെ ഉയരം തെളിയിക്കുന്ന അസ്സൽ രേഖ വനംവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ ഹാജരാക്കിയിരുന്നു. എന്നാൽ കാളിദാസന് തിടമ്പ് നൽകിയാൽ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാകും എന്ന അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് മറ്റ് ദേശക്കാർ പോലീസിൽ പരാതി നൽകി. അതു പ്രകാരം നിലവിൽ കാളിദാസനെക്കാൾ 6 ഇഞ്ച് ഉയരക്കുറവുള്ള ആലപ്പാട് പുള്ള് പുറത്തൂർ ദേശക്കാരുടെ ആനയായ തൃക്കടവൂർ ശിവരാജുവുമായി നറുക്കിട്ട് തിടമ്പ് നിശ്ചയിക്കാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്.
നറുക്കെടുപ്പിൽ തൃക്കടവൂർ ശിവരാജുവിന് നറുക്ക് വീണു. അതു പ്രകാരം ഉയരത്തിൽ രണ്ടാം സ്ഥാനത്തുള്ള ആന തിടമ്പേറ്റുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ആലപ്പാട, പുള്ള്, പുറത്തൂർ ദേശക്കാരുമായി യാതൊരു വിധ ശത്രുതയില്ല. ഇത് പൂരം കേന്ദ്ര കമ്മിറ്റിയുടെ വീഴ്ചയാണ്. ഇതിൽ പ്രതിഷേധിച്ച് 7 ദേശക്കാർ പങ്കെടുക്കുന്ന ഉത്സവത്തിൻ്റെ കൂട്ടിയെഴുന്നെള്ളിപ്പിൽ ചാഴൂർ കുറുമ്പിലാവ് ദേശത്തിൻ്റെ ആനയെ ഏഴാം സ്ഥാനത്താണ് നിർത്തുകയെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഉത്സവ കമ്മിറ്റി സെക്രട്ടറി ഷിബുദേവ് കുന്നത്ത്, പ്രസിഡൻ്റ് വിനീഷ് പോട്ടയിൽ, ട്രഷറർ യദുകൃഷ്ണ കൂനംപാട്ട്, ലൈജു ചെറുമുളങ്ങാട്ട് തയ്യിൽ, സാഗർ കുറുപ്പത്ത്, ഷൈൻ കാഞ്ഞൂര് എന്നിവർ പങ്കെടുത്തു.