ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി ഹെല്‍ത്ത് സെന്ററില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത ബിജെപി പടിയൂര്‍ പഞ്ചായത്തംഗത്തെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. പടിയൂര്‍ പഞ്ചായത്ത് ചരുന്തറ പതിനൊന്നാം വാര്‍ഡ് അംഗം മണ്ണായില്‍ വീട്ടില്‍ ശ്രീജിത്ത് മണ്ണായിലിനെ (35) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പൊറത്തിശ്ശേരി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്. ഉറക്കകുറവ് എന്ന പേരിലാണ് ഇയാള്‍ ഡോക്ടറെ കാണാനെത്തിയതെന്നും യാതൊരു പ്രകോപനവുമില്ലാതെ കാട്ടൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നും ഡോക്ടര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഡോക്ടറുടെ മുറിയിലെ സാധനങ്ങളും ഇയാൾ നശിപ്പിച്ചിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ശ്രീജിത്തിനെ തടഞ്ഞു വെയ്ക്കുകയാണുണ്ടായത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡോക്ടറെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ജനപ്രതിനിയുടെ ഭാഗത്തു നിന്നും ഉണ്ടായത് പൊതുസമൂഹത്തിന് നിരക്കാത്തത് : എഐവൈഎഫ്
പടിയൂര്‍: പൊറത്തിശ്ശേരി ഹെല്‍ത്ത് സെന്ററില്‍ വനിതാ ഡോക്ടര്‍ക്കു നേരെ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ ഭാഗത്തുനിന്നും ഉണ്ടായത് പൊതുസമൂഹത്തിന് നിരക്കാത്തതെന്ന് എഐവൈഎഫ്. സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്നും, പ്രതി പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്നും എഐവൈഎഫ് മേഖലാ പ്രസിഡന്റ് എ.ബി. ഫിറോസും, സെക്രട്ടറി മിഥുന്‍ പോട്ടക്കാരനും ആവശ്യപ്പെട്ടു.