മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപ്പിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശൂരിൽ നിന്ന് നാല് യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയാണ് രണ്ടര മണിക്കൂറുകൾ നീണ്ട പ്രയതങ്ങൾക്കൊടുവിൽ തീയണച്ചത്. വ്യാഴം വൈകീട്ട് 5 മണിയോടെയാണ് ചേറ്റുപുഴ പടിഞ്ഞാറെ കോൾപ്പടവിൽ ബണ്ടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾക്ക് തീപ്പിടിച്ചത്. പാടത്തു നിന്നിരുന്നവർ അറിയിച്ചതനുസരിച്ച് തൃശ്ശൂരിൽ നിന്ന് 2 യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങളെത്തി. എങ്കിലും തീ ആളിക്കത്തിയതോടെ തീയണക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടു. ഫയർഫോഴ്സിൻ്റെ കൈവശ മുണ്ടായിരുന്ന മോട്ടോർ ഉപയോഗിച്ച് പുറംചാലിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും മോട്ടോർ തകരാറിലായതിനാൽ വിജയിച്ചില്ല. ഇതിനിടയിൽ രണ്ടു വാഹനത്തിലെ വെള്ളവും തീർന്നു. വീണ്ടും 20 മിനിറ്റോളം കാത്തിരുന്ന ശേഷമാണ് മറ്റ് രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയത്.
പൈപ്പുകളിൽ പടർന്ന തീയിൽ നിന്നുള്ള പുക ഒരു കിലോമീറ്റർ ദൂരം വരെ അന്തരീക്ഷത്തിൽ വ്യാപിച്ചു. പൈപ്പിൽ നിന്നും തീ സമീപത്തെ മോട്ടോർ പുരയ്ക്ക് അടുത്ത് വരെ എത്തിയെങ്കിലും അപ്പോഴേക്കും വെള്ളം നിറച്ച മറ്റു ഫയലുകൾ എത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വരുമ്പോൾ അരിമ്പൂർ പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും ഫയർഫോഴ്സിനൊപ്പം സഹായത്തിനായി ചേർന്നു. തീപിടുത്തം ഉണ്ടായ ഇതേ സ്ഥലത്തിന് അല്പം മാറി ഒരു മാസം മുൻപ് സമാനരീതിയിൽ ചെറിയതോതിൽ തീപിടിച്ചത് വാട്ടർ അതോറിറ്റിയെ ജനപ്രതിനിധിയായ രാജേഷിൻ്റെ നേതൃത്വത്തിൽ അറിയിച്ചിരുന്നു. അലക്ഷ്യമായി പൈപ്പുകൾ ഇട്ടിട്ടു പോകുന്നതാണ് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്ന തെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം ബണ്ടിനോട് ചേർന്ന് ചിലർ തീയിട്ടതാണ് പടർന്നുപിടിച്ച് പൈപ്പിലേക്ക് വ്യാപിച്ചതെന്നും പ്രദേശവാസികൾ പറയുന്നുണ്ട്.