തളിക്കുളം: 2022- 24 സീനിയർ എസ്പിസി കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് തളിക്കുളം ജിവിഎച്ച് എച്ച്എസ് ഗ്രൗണ്ടിൽ നടന്നു. ജിവിഎച്ച്എസ്എസ് വലപ്പാട്, തളിക്കുളം ജിവിഎച്ച്എസ്എസ്, നാഷണൽ എച്ച്എസ്എസ് ഏങ്ങണ്ടിയൂർ എന്നീ വിദ്യാലയങ്ങളിൽ നിന്നായി 132 കേഡറ്റുകൾ അണിനിരന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത, വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, വലപ്പാട് എസ്ഐ കെ. സാലിം സംസാരിച്ചു.
പരേഡ് കമാൻഡർ അൽ നാസിം നാസർ, സെക്കൻഡ് കമാൻഡർ കെ.എസ്. അഫ്സാന എന്നിവർ നയിച്ച വർണാഭമായ പരേഡിന് മിജുൽ താളമേകി. വി.പി. ആതിര, ഫിദ ഫാത്തിമ, അഞ്ജലി എന്നീ കേഡറ്റുകൾ പതാകയേന്തി. ദേശീയ പതാകയെ സാക്ഷി നിർത്തി കേഡറ്റുകൾ സത്യപ്രതിജ്ഞ ചെയ്തു.മികച്ച കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി. രക്ഷിതാക്കൾ അധ്യാപകർ, ജൂനിയർ കേഡറ്റുകൾ, ഡ്രിൽ ഇൻസ്ട്രക്ടർമാർ, സിപിഒ, അധ്യാപകർ പങ്കെടുത്തു.