തളിക്കുളം: പുളിയംതുരുത്ത്, കലാഞ്ഞിപ്രദേശത്തെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി മിനി കുടിവെള്ള പദ്ധതി റവന്യുമന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. തളിക്കുളം പഞ്ചായത്തിലെ 4, 5 കായലോര വാർഡുകളിലെ ജനങ്ങൾ വർഷങ്ങളായി അനുഭവിച്ചിരുന്ന ശുദ്ധജല ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. സർക്കാരിൻ്റെ വരൾച്ചാ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 8 ലക്ഷം രൂപയും തളിക്കുളം പഞ്ചായത്ത് ഫണ്ടിൽ നിന്ന് 51 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 9 ലക്ഷം രൂപയും, നഗരസഞ്ചയ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയും ഉപയോഗപ്പെടുത്തി രണ്ട് വാർഡുകളിലെ ശുദ്ധജല ക്ഷാമം ഉള്ള എല്ലാ പ്രദേശങ്ങളിലും 4 വീടിന് ഒന്ന് എന്ന നിലയിൽ പൈപ്പ് സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുന്നതിന് ഒരു കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. മോട്ടോർ ഷെഡ് നിർമ്മിച്ച് പമ്പ് സെറ്റ് സ്ഥാപിച്ച് വെള്ളം നേരിട്ട് പമ്പ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിച്ചും ഈ പ്രവർത്തനം പ്രായോഗികമല്ലെന്ന് മനസിലാക്കി യതിനെ തുടർന്ന് ആവശ്യമായ ഫണ്ട് അനുവദിച്ച് ഓവർ ഹെഡ് ടാങ്ക് നിർമ്മിച്ച് ടാങ്കിൽ വെള്ളം നിറച്ച് ആവശ്യാനുസരണം പൊതു ടാപ്പ് സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കിയത്.
ചടങ്ങിൽ സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി. ഐ. സജിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം. മെഹബൂബ്, ബുഷറ അബ്ദുൾ നാസർ, എം.കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കല, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, വിനയം പ്രസാദ്, സി.കെ. ഷിജി, കെ.കെ. സൈനുദ്ധീൻ, ഷൈജ കിഷോർ,ബിന്നി അറക്കൽ, പഞ്ചായത്ത് സെക്രട്ടറി ഐ.പി. പീതാംബരൻ, പഞ്ചായത്ത് എ.ഇ. ടി ജെ ജോൺസി, ബ്ലോക്ക് പഞ്ചായത്ത് എഎക്സ്ഇ. നയന, വാട്ടർ അതോറിറ്റി എഎക്സ്ഇ ലിറ്റി, എ.ജെ. സജിത തുടങ്ങിയവർ സംസാരിച്ചു. ആശ വർക്കർമാർ, അംഗൻവാടി അധ്യാപകർ, ഹരിതകർമ്മ സേന അംഗങ്ങൾ, പൊതുപ്രവർത്തകർ, ഗുണഭോക്താകൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.