മണ്ണൂത്തി: പറവട്ടാനിയിൽ ബൈക്കും ബസും കുട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം. നെല്ലിക്കുന്ന് സ്വദേശി ജെറിൻ, വില്ലടം സ്വദേശി ഊക്കൻസ് വീട്ടിൽ സൂര്യ (17)എന്നിവരാണ് മരിച്ചത്.
തൃശൂർ – പീച്ചി ഡാം റൂട്ടിൽ സർവ്വീസ് നടത്തുന്ന അമ്മ ബസാണ് വെള്ളിയാഴ്ച വൈകിട്ട് 3.10 ഓടെ അപകടത്തിൽപ്പെട്ടത്. യാത്രക്കാരുമായി തൃശൂരിലേക്ക് വരികയായിരുന്ന ബസിൽ തൃശ്ശൂർ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥികളെ കയറ്റി പോയിരുന്ന മിനി വാൻ ഇട റോഡിലേക്ക് പെട്ടന്ന് തിരിഞ്ഞതോടെ ഈ വാഹനത്തിൽ ബൈക്ക് തട്ടി. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തൃശൂർ ഈസ്റ്റ് പോലീസ് മേൽനടപടികൾ സ്വികരിച്ചു.