News One Thrissur
Thrissur

പ്രതാപന് കെട്ടിവെക്കാനുള്ള പണം തൃപ്രയാർ ക്ഷേത്രനടയിൽ വെച്ച് കൈമാറി കുഞ്ഞി മുഹമ്മദ് ഹാജി.

തൃപ്രയാർ: കോൺഗ്രസിന്റെ ലോകസഭാ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും തൃശൂരിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്തെ ഹൃദയഹാരിയായ ഒരു കാഴ്ച്ച കേരളത്തിന്റെ മതസാഹോദര്യത്തിന്റെ വേറിട്ട അനുഭവമായി. തൃശൂരിലെ സിറ്റിങ് എംപി ടി.എൻ. പ്രതാപന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണവുമായി വടക്കേക്കാട് സ്വദേശി തടാകം കുഞ്ഞുമുഹമ്മദ് ഹാജിയാണ് ശനിയാഴ്ച തൃപ്രയാർ ക്ഷേത്രനടയിൽ എത്തിയത്. സാമൂഹ്യ പ്രവർത്തകനും സന്നദ്ധ സേവന രംഗത്ത് പ്രഗത്ഭനുമായ കുഞ്ഞുമുഹമ്മദ് ഹാജി വടക്കേകാട് ഗ്രാമപഞ്ചായത്തിലെ വോട്ടറാണ്. ടിഎൻ പ്രതാപൻ എംപിയുടെ മതനിരപേക്ഷ നിലപാടുകളിൽ ആകൃഷ്ടനായ അദ്ദേഹം പ്രതാപന്റെ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള പണം നൽകണമെന്ന ആഗ്രഹത്തോ ടെയാണ് വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻഎംകെ നബീലിന്റെ കൂടെ ശനിയാഴ്ച്ച പുലർച്ചെ തളിക്കുളത്തുള്ള ടിഎൻ പ്രതാപന്റെ വസതിയി ലെത്തിയത്. എന്നാൽ പുലർച്ചെ തന്നെ ഭാര്യയോടൊപ്പം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് പോയതായിരുന്നു ടി.എൻ. പ്രതാപൻ.

ഡ്രൈവർ മുഖേന എംപിയുടെ സ്ഥലവും സമയവും കണക്കാക്കിയ കുഞ്ഞുമുഹമ്മദ് ഹാജി നേരെ അമ്പല നടയിലെത്തി. തൃപ്രയാർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയുടെ വാതിൽക്കലെത്തിയ കുഞ്ഞുമുഹമ്മദ് ഹാജി പ്രതാപന് തുക കൈമാറി. സ്ഥാനാർഥി പ്രഖ്യാപനം വന്നാലേ മത്സരിക്കുന്ന കാര്യത്തിൽ ഉറപ്പുപറയാനാവൂ എന്ന പ്രതാപന്റെ നർമ്മത്തിന് “ഞങ്ങളുടെ സ്ഥാനാർത്ഥി പ്രതാപൻ തന്നെ” എന്നാണ് ഹാജി മറുപടി പറഞ്ഞത്. “ഈശ്വര വിശ്വാസിയായ ടിഎൻ പ്രതാപന് ഇങ്ങനെയൊരു ക്ഷേത്ര നടയിൽ വെച്ച് ഈ തുക കൈമാറാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. മനുഷ്യസ്‌നേഹത്തിന് പ്രതാപൻ കൽപ്പിക്കുന്ന മൂല്യമാണ് ഞാൻ പ്രതാപനിൽ കാണുന്ന ഏറ്റവും വലിയ നന്മ. എല്ലാ മത വിശ്വാസികളുടെയും പിന്തുണ പ്രതാപനുണ്ടാവും” തടാകം കുഞ്ഞുമുഹമ്മദ് ഹാജി പറഞ്ഞു. നാട്ടിക ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി. വിനു, വി.ആർ. വിജയൻ, അനിൽ പുളിക്കൽ,നൗഷാദ് ആറ്റുപറമ്പത്ത്,പി.എം. സിദ്ദിഖ്,സിജി അജിത് കുമാർ, വി.ഡി. സന്ദീപ്, സി.എസ്. മണികണ്ഠൻ, എ.എൻ. സിദ്ധപ്രസാദ്‌, ടി.വി. ഷൈൻ, തുടങ്ങിയവർ ഈ വൈകാരിക മുഹൂർത്തത്തിന് സാക്ഷികളായി.

Related posts

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധം : ടി.എൻ. പ്രതാപൻ എംപി

Sudheer K

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.

Sudheer K

രാജൻ മാസ്റ്റർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!