കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ ക്യാംപ് കളക്ഷനിടെ നഷ്ടപ്പെട്ട ജീവനക്കാരിയുടെ മാല വഴിയാത്രക്കാരൻ്റെ സത്യസന്ധതയിൽ തിരിച്ചുകിട്ടി. മണലൂർ ഗ്രാമ പഞ്ചായത്തിലെ ക്ലർക്ക് നിമിഷ കഴിഞ്ഞ ദിവസം പോഴത്തുലൈനിലെ വിടുകളിലേക്ക് കളക്ഷനു പോയിരുന്നു. ഓഫിസിൽ തിരിച്ചെത്തിയതിനു ശേഷം വൈകീട്ട് വിട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് രണ്ടുപവൻവരുന്ന മാല നഷ്ടപ്പെട്ട വിവരം നിമിഷ അറിയുന്നത്. സഹപ്രവർത്തകരും കൂടി പോയ സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ പോഴത്തുലൈനിൽ ഭുവനേശ്വരി നിവാസിൽ പുത്തേഴത്ത് ജയറാം മേനോന് പോഴത്തുലൈൻ റോഡരികിൽ നിന്ന് മാല കിട്ടി. പഞ്ചായത്ത് ജീവനക്കാരിയുടെ മാലനഷ്ടപ്പെട്ട വിവരം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അറിഞ്ഞ ഇയാൾ റോഡരികിൽ നിന്ന് മാല കിട്ടിയവിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത്, സെക്രട്ടറി ദീപ, സഹപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ ജയറാം മേനോനിൽ നിന്നും നിമിഷ മാല ഏറ്റുവാങ്ങി. ജയറാം മേനോനെ പൊന്നാടയണിയിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് ആദരിച്ചു.