അന്തിക്കാട്: ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ പഞ്ചായത്ത് ഗ്രൗണ്ടിൽ വർഷങ്ങളായി പണി തീരാതെ കിടക്കുന്ന ടർഫിൻ്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ഗോൾ പോസ്റ്റിൽ അഴ കെട്ടി തുണികൾ ഇട്ട് പ്രതിഷേധ ഷൂട്ടൗട്ട് നടത്തിയാണ് യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി അശ്വിൻ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് മണ്ഡലം പ്രസിഡന്റ് അജു ഐക്കാരത്ത് അധ്യക്ഷനായി. നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.എ.വി. യദുകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ടർഫിൻ്റെ കാലുകൾ മാത്രം നാട്ടിയ ഗ്രൗണ്ടിൽ നിലവിൽ തുണികൾ ഉണക്കാനുള്ള അഴയായിട്ടാണ് പരിസരവാസികൾ ഉപയോഗിക്കുന്നത്. പഞ്ചായത്ത് ഫണ്ട് 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ കാലുകൾ നാട്ടിയത്. പിന്നീട് യാതൊരു നിർമാണ പ്രവർത്തനങ്ങളും നടത്താതെ വർഷങ്ങളായി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ പദ്ധതി. സാധാരണക്കാരായ കായിക താരങ്ങൾക്ക് ടർഫ് എന്ന സ്വപ്നം ഇന്നും സ്വപ്നങ്ങളിൽ മാത്രം ഒതുക്കി യുവാക്കളോട് നിരന്തരം അവഗണനയുമായി അന്തിക്കാട് ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുകയാണെന്ന് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. യദുകൃഷ്ണൻ അന്തിക്കാട് പറഞ്ഞു. പ്രധിഷേധ പരിപാടിയിൽ അന്തിക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവ്, മുൻ മണ്ഡലം പ്രസിഡന്റ് വി.കെ. മോഹനൻ, ഷൈൻ പള്ളിപ്പറമ്പിൽ, കിരൺ തോമസ്, ഷാനു പടിയം, വി.വി. സുബിൻ, ഹരികൃഷ്ണൻ, വി. ഗോപികൃഷ്ണ, പി.കെ. സനൽ, കെ.പി. സൂരജ്, രാഹുൽ പാടൂർ, ഗോപി തച്ചാട്ട് സംസാരിച്ചു.