തൃശ്ശൂർ: നാട്ടാന പരിപാലനച്ചട്ടം ലംഘിച്ച് പൊരിവെയിലത്ത് ലോറിയിൽ കൊണ്ടുപോയ ആനയെ വനംവകുപ്പ് തടഞ്ഞു. സംഭവത്തിൽ കേസെടുത്തു. ഇടപ്പള്ളി-പാലക്കാട് ദേശീയപാതയിൽ നടത്തറ സിഗ്നൽ ജങ്ഷന് സമീപത്ത് വെച്ചാണ് വനം വകുപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ഫോഴ്സ് വാഹനം തടഞ്ഞത്. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചമ്പക്കര ശ്രീരാമൻ എന്ന ആനയെ ആമ്പല്ലൂരിൽനിന്ന് പാലക്കാട്ടേക്ക് കൊണ്ടുപോകുക യായിരുന്നു. നാട്ടാന പരിപാലന ച്ചട്ടമനുസരിച്ച് പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് ആനകളെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല.
ഇത് ലംഘിച്ചതിനാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസെടുത്തത്. കാലിലും ദേഹത്തും മുറിവുകളുണ്ടെങ്കിലും ആനയ്ക്ക് വെള്ളിയാഴ്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതായി കാണുന്നുണ്ട്. കാലിലെ മുറിവിൽനിന്ന് പഴുപ്പ് ഒലിക്കുന്ന നിലയിലാണ്. മുറിവിനു മുകളിൽ ചങ്ങല കിടക്കുന്നതിനാൽ ഇടയ്ക്കിടെ ആന കാലനക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നു മുണ്ടായിരുന്നു. ആമ്പല്ലൂർ സ്വദേശിയാണ് ആനയെ പാട്ടത്തിനെടുത്തിരിക്കുന്നത്. ആനയ്ക്ക് തീറ്റയോ വെള്ളമോ വാഹനത്തിൽ ഉറപ്പാക്കിയിരുന്നില്ല. 52 വയസ്സുള്ള ആനയുടെ ആരോഗ്യസ്ഥിതിയും മോശമാണ്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ഫോഴ്സ് അംഗങ്ങളായ പി.ആർ. അരുൺ, എം.വി. രജീഷ്, കെ.എ. അനീഷ, എം.വി. വിദ്യ എന്നിവരാണ് വാഹനം തടഞ്ഞ് ആനയെ കസ്റ്റഡിയിലെടുത്തത്.