ഏങ്ങണ്ടിയൂർ: ആഴ്ച്ചകളായി കുടിവെള്ളം ലഭ്യമാകാത്തതിനെ തുടർന്ന് ഏങ്ങണ്ടിയൂർ 15, 16 വഞ്ചിക്കടവ്, ചിപ്പിമാട് മേഖലയിലെ വീട്ടമ്മമാർ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡൻ്റ് ഗീതു കണ്ണൻ, വൈസ് പ്രസിഡൻ്റ് ഹർഷവർദ്ധനൻ കാക്കനാട്ട്, പഞ്ചായത്ത് സെക്രട്ടറി പരമേശ്വരൻ എന്നിവരെ ഘൊരാവോ ചെയ്തു. പ്രസിഡൻ്റ് ഗീതു കണ്ണൻ പ്രതിനിധീകരിക്കുന്ന വാർഡ് പതിനാറ്, വൈസ് പ്രസിഡൻ്റ് ഹർഷവർദ്ധനൻ കാക്കനാട് പ്രതിനിധീകരിക്കുന്ന വാർഡ് പതിനഞ്ച് എന്നിവിടങ്ങളിലെ വീടമ്മമാരാണ് പഞ്ചായത്തിലെത്തി പ്രസിഡൻ്റിൻ്റെ മുറിയിൽ കയറി തടഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയത്.
വീട്ടിൽ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ പോലും ആഴ്ചകൾ പിന്നിട്ടിട്ടും കുടിവെള്ളം ലഭ്യമല്ലെന്നും, പഞ്ചായത്ത് വിഷയത്തിൽ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്നും, കുടിവെള്ളത്തിനായുള്ള തങ്ങളുടെ പ്രതിഷധത്തെ ബന്ധപ്പെട്ടവർ മുഖവിലക്കെടുക്കാത്തതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും സമരത്തിനെത്തിയ വീട്ടമ്മമാർ പറഞ്ഞു. കുടിവെള്ള വിഷയത്തിൽ വർഷങ്ങളായി തുടർഭരണം നടത്തുന്ന ഇടത് പഞ്ചായത്ത് ഭരണസമിതികൾ തുടരുന്ന അലംഭാവം പ്രതിഷേധാർ ഹമാണെന്നും, ജനങ്ങളുടെ നിത്യജീവിതത്തിൽ പ്രഥമ പരിഗണന നൽകേണ്ട പ്രസ്തുത വിഷയത്തിൽ ശശ്വത പരിഹാരം കാണാൻ ത്രിതല പഞ്ചായത്തും ബന്ധപ്പെട്ട ജനപ്രതിനിധികളും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും മുൻ ഗ്രാമപഞ്ചായത്തംഗവും, ചാവക്കാട് താലൂക്ക് വികസന സമിതി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.