കാഞ്ഞാണി: തൃക്കുന്നത്ത് മഹാദേവ -മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മാർച്ച് 8 ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച രാത്രി 8 ന് ദേശവാസികളുടെ ഗാനമേള ,മിമിക്സ് പരേഡ് എന്നിവ നടക്കും. ബുധൻ രാത്രി 7.30 ന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ മണലൂർ ഗോപിനാഥിൻ്റെ ഓട്ടൻതുള്ളൽ, മാർച്ച് – 7 ന് രാവിലെ മങ്കോര് ഇല്ലത്തേക്ക് എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 11ന് അന്നദാനം, ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തൃപ്രയാർ രമേശൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം, രാത്രി 9 ന് പള്ളിവേട്ട, ചെറുശ്ശേരി കുട്ടൻമാരാരുടെ പാണ്ടിമേളം അകമ്പടിയാകും.
മാർച്ച് 8 ന് ശിവരാത്രി രാവിലെ ക്ഷേത്രക്കുളത്തിൽ ആറാട്ട്, ശേഷം ആറാട്ട് കഞ്ഞി, വൈകിട്ട് ദീപക്കാഴ്ച, രാത്രി 8 ന് കലാ പരിപാടികൾ എന്നിവയും നടക്കും. മാർച്ച് 9ന് രാവിലെ 5-30 മുതൽ നടക്കുന്ന ബലിതർപ്പണത്തോടെ ശിവരാത്രി ആഘോഷം സമാപിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രിമാരായ പഴങ്ങാ പറമ്പ് മന ഉണ്ണികൃഷ്ണൻ നമ്പൂതിരി, വടക്കേടത്ത് താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ, വൈസ് പ്രസിഡൻ്റ് വി.യു. ശ്രീജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.