അരിമ്പൂർ: അരിമ്പൂരിൽ ഭിന്നശേഷി കലോത്സവം നടക്കുന്ന ഹാളിന് സമീപത്ത് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച 25 വയസ് പ്രായം തോന്നിപ്പിക്കുന്ന ഭിന്ന ശേഷിക്കാരൻ്റെ രക്ഷിതാവിനെ കണ്ടെത്താൻ പോലീസും ജനപ്രതിനിധികളും ശ്രമം ഊർജിതമാക്കി. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് എറവ് കപ്പൽ പള്ളിക്ക് മുന്നിൽ വച്ച് യുവാവിനെ വാർഡ് മെമ്പർ സി.പി. പോൾ കാണുന്നത് . അലക്ഷ്യമായി സഞ്ചരിക്കുന്ന യുവാവിനെ കണ്ടപ്പോൾ ഭിന്നശേഷിക്കാരുടെ കലോത്സവ വേദിയിൽ നിന്ന് ഇറങ്ങിപ്പോന്നതാണെന്ന് ആദ്യം കരുതിയത്. തുടർന്ന് തടഞ്ഞു നിർത്താൻ ശ്രമിച്ചതോടെ യുവാവ് ആക്രമാസക്തനായി. വിവരമറിഞ്ഞ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശശീധരൻ മറ്റു ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി. ഇതിനിടയിൽ അന്തിക്കാട് പോലീസിനെ വിവരം അറിയിച്ചു.
പോലീസ് എത്തി ചോദ്യം ചെയ്തിട്ടും യുവാവിനെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ ഭിന്നശേഷി കലോത്സവം നടക്കുന്ന അരിമ്പൂർ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലേക്ക് പോലീസ് എത്തിക്കുകയായിരുന്നു. പോലീസ് യുവാവിനെ കാണികളുടെ മധ്യത്തിൽ എത്തിച്ച് ബന്ധുക്കൾ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചു. ബന്ധുക്കൾ ആരെയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കലോത്സവ വേദിയിൽ വച്ച് യുവാവിന് സ്നേഹവിരുന്നും നൽകി. അന്തിക്കാട് എഎസ്ഐ എം.കെ. അസീസ് യുവാവിന് ഭക്ഷണം വാരി നൽകി. സഹായത്തിനായി ജനപ്രതിനിധികളും ഒപ്പം കൂടി. അച്ഛൻ അമ്മ എന്നുള്ളത് മാത്രമാണ് യുവാവ് പറയുന്നത്. തുടർന്ന് യുവാവിനെ രാമവർമ്മപുരത്തുള്ള മന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും ജനപ്രതിനിധികളും.