തൃശൂർ: നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ശാലിപറമ്പില്‍ വീട്ടില്‍ സറീന കുല്‍സുവിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ പൗരത്വ സര്‍ട്ടിഫിക്കറ്റ് സറീന കുല്‍സുവിന് കൈമാറി. ശ്രീലങ്കന്‍ സ്വദേശിനിയായിരുന്ന സറീന ജോലിക്കായി അബുദാബിയില്‍ താമസമാക്കി. അവിടെ നിന്നും വിവാഹ ശേഷം ഭര്‍ത്താവ് അലി മുഹമ്മദുമായി 1992 മുതല്‍ വടക്കാഞ്ചേരി അകമലയില്‍ സ്ഥിരതാമസമാക്കി. 1997 ല്‍ പൗരത്വ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. 2017 ല്‍ വീണ്ടും അപേക്ഷിച്ചു. 32 വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ ജീവിച്ച സറീന കുല്‍സു ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് കലക്ടറേറ്റില്‍ നിന്ന് മടങ്ങിയത്.